01:19am 07 September 2026
NEWS
അർത്തുങ്കൽ പള്ളി- വ്ളാത്താങ്കര പള്ളി , കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി


07/03/2025  05:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അർത്തുങ്കൽ പള്ളി- വ്ളാത്താങ്കര പള്ളി , കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി

ചേർത്തല : തീരദേശത്ത് നിന്നും തിരുവനന്തപുരത്തേക്ക് അതിരാവിലെ യാത്ര ചെയ്യുന്നവർക്കും തീർത്ഥാടകർക്കും ആശ്വാസമായി പുതിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസിന് തുടക്കമായി. 

അർത്തുങ്കൽ പള്ളിയിൽ നിന്നും ആരംഭിച്ച് തെക്കൻ കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നെയ്യാറ്റിൻകര വ്ളാത്താങ്കര പള്ളിയിൽ അവസാനിക്കുന്ന ബസ് സർവീസ് അർത്തുങ്കൽ പള്ളി അങ്കണത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. 

പ്രദേശത്തുനിന്ന് മുൻപുണ്ടായിരുന്ന തിരുവനന്തപുരം സർവീസ് കോവിഡിന് ശേഷം മുടങ്ങിയിരുന്നു. ഇതുമൂലം തീരദേശവാസികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി മന്ത്രി പി പ്രസാദ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിച്ചത്. 

ദിവസവും രാവിലെ ആറ് മണിക്ക് അർത്തുങ്കലിൽ നിന്ന് ആരംഭിച്ച് പൂങ്കാവ്, തുമ്പോളി, ആലപ്പുഴ, തിരുവനന്തപുരം, നെയ്യാറ്റിൻകര വഴി വ്ളാത്താങ്കര പള്ളിയിലേക്കും തിരികെ ഉച്ചകഴിഞ്ഞ് 2.40ന് അർത്തുങ്കലിലേക്കുമാണ് സർവീസ്. തെക്കൻ ഭാഗത്തേക്കും ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും പോകുന്ന തീരദേശവാസികൾക്കും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കുന്നവർക്കും സർവീസ് പ്രയോജനം ചെയ്യും. 

ചടങ്ങിൽ അർത്തുങ്കൽ ബസിലിക്ക റെക്ടർ ഡോ. ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, കെ പി മോഹനൻ, ചേർത്തല കെഎസ്ആർടിസി എടിഒ ഇൻചാർജ് സാജൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.